Kerala
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.
ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.
Kerala
പാലക്കാട്: പുതുനഗരം മാങ്ങോട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Kerala
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.